സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആദ്യദിനം തന്നെ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ച ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസിന്റെ 29-ാം ദിവസമാണ് ഈ വിജയചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.
12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഗരുഡൻ. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ കസറിയ ചിത്രം എന്ന പ്രത്യേകതയും ഗരുഡനുണ്ട്. സിനിമയിൽ ബിജു മേനോൻ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അഭിരാമിയാണ് ചിത്രത്തിലെ നായിക. ജഗദീഷും ഗരുഡനിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
ഗരുഡൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
നീതിക്കു വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗൽ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്