കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ശേഷം മൈക്കിൽ ഫാത്തിമ ഒടിടി റിലീസിനെത്തുന്നു. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കല്‍ നാട്ടിലെ സെവന്‍സ് മത്സരത്തിന് കമന്‍ററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഡിസംബര്‍ 15 നാണ് ഒടിടി റിലീസ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും
നവാഗതനായ മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഫുട്ബോൾ കമന്റേറ്ററായാണ് ചിത്രത്തിൽ കല്യാണി അഭിനയിക്കുന്നത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്.
ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിന് സംഗീതമൊരുക്കും. സന്താന കൃഷ്ണൻ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. കലാസംവിധാനം: നിമേഷ് താനൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത്ത് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പിആർഒ: പ്രതീഷ് ശേഖർ, വിഎഫ്എക്സ് റിയൽ വർക്ക്സ് സ്റ്റുഡിയോ (കോയമ്പത്തൂർ) തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ