ത്രില്ലർ ചിത്രം ഉടൽ ഒടിടി റിലീസിനൊരുങ്ങുന്നു, പുതിയ അപ്ഡേറ്റ് അറിയാം
byPRIYA MEDIA-
0
നീണ്ട ദശകങ്ങളായി മലയാള സിനിമയുടെ ഹാസ്യമുഖമായിരുന്ന ഇന്ദ്രൻസിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ അടയാളപ്പെടുത്തിയ ചിത്രമാണ് 'ഉടൽ'. ബിഗ് സ്ക്രീനിൽ വലിയ പ്രതികരണം നേടിയ ചിത്രം കഴിഞ്ഞ വർഷമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ, സിനിമ ഒടിടിയിൽ വരാത്തത് എന്തുകൊണ്ടെന്ന് പ്രേക്ഷകർ നിരന്തരമായി ആവശ്യം ഉന്നയിച്ചിരുന്നു.ഇപ്പോഴിതാ, കാത്തിരുന്ന ചിത്രത്തിന്റെ OTT അപ്ഡേറ്റ് വന്നിരിക്കുകയാണ്. . റിവഞ്ച് ത്രില്ലർ ഗണത്തിൽ പെട്ട ചിത്രത്തിൽ ഇന്ദ്രൻസിന് പുറമെ, ദുർഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നവാഗതനായ രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ത്രില്ലർ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് വില്യം ഫ്രാൻസിസ് ആണ്. സഹസ് ബാല, നിഷാദ് യൂസഫ് എന്നിവരാണ് ഉടലിന്റെ എഡിറ്റിങ് നിർവഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിച്ചത്.
കേരളത്തിലെ നാട്ടുംപുറങ്ങളിൽ സാധാരണയായി ഒരു വയസ്സായ കഥാപാത്രം താമസിക്കുമ്പോൾ അയാൾക്ക് കൂടിപ്പോയാൽ ഏത് അറ്റം വരെ പോകാൻ കഴിയും എന്നുള്ള ഒരു സാധാരണ ബോധത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് ഉടൽ ഹൃദയങ്ങളിലേക്ക് കേറിയത്. ഒരുപാട് പോസിറ്റീവുകൾ നിറഞ്ഞ ചിത്രം അത്ര പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല.
വളരെ ചുരുങ്ങിയ സമയത്ത് വളരെ ചുരുങ്ങിയ സ്പേസിൽ ഒരു രാത്രി സംഭവിക്കുന്ന കഥ ഒട്ടും ബോർ അടിപ്പിക്കാതെ പറയുന്നത് നിസ്സാര കാര്യമല്ല. പ്രേക്ഷകനെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ഐഡിയയും തരാതെയാണ് കഥയുടെ പോക്ക്. ബിജിഎമ്മും സൗണ്ട് എഫക്റ്സും തീയേറ്ററിൽ തന്ന അനുഭവം ഗംഭീരമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അനുഭവപ്പെടുന്ന നിശബ്ദത പോലും അത്രയും ആഴത്തിൽ പ്രേക്ഷകനെ പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആർട്ട് ഡയറക്ടർക്കും മേക്കപ്പ് ഡിപാർട്മെന്റിനും കൊടുക്കാം ഒരു വലിയ കയ്യടി.
പ്രധാനമായി 3 കഥാപാത്രങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രൻസ് ഏറ്റവും ആഴത്തിൽ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. വല്ലാത്ത ഒരു അനുഭവം ഇന്ദ്രൻസ് ഓണ് - സ്‌ക്രീനിൽ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. എടുത്ത് പറയേണ്ട പ്രകടനം ദുർഗ കൃഷ്ണന്റേതാണ്. പല പല ട്രാൻസ്ഫോർമേഷനിലൂടെ പോകുന്ന കഥാപാത്രം ഗംഭീരമായി ദുർഗ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പേർഫെക്ഷൻ പരിശ്രമങ്ങൾ ഏറ്റെടുക്കേണ്ടതാണ്. ഡാർക്ക് ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഉടൽ.
ഉടൽ ഉടൻ ഒടിടിയിൽ എത്തുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സൈന പ്ലേയ്ക്ക് ലഭിച്ചതായിട്ടാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്. അതേസമയം സൈന പ്ലേയോ സിനിമയുടെ അണിയറപ്രവർത്തകരോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിട്ടില്ല