പെണ്ണിന്‍റെ പേരല്ല തങ്കമണി, വെന്ത നാടിന്‍റെ പേരല്ലോ തങ്കമണി, ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

 


പോലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുകിയ തങ്കമണി എന്ന ഗ്രാമത്തിന്‍റെ ഉള്‍ത്തുടുപ്പറിഞ്ഞൊരുക്കിയ കണ്ണീരുപ്പ് കലർന്ന വരികളുമായി ഒരു പാട്ട്. ജനപ്രിയ നായകൻ ദിലീപിന്‍റെ 148-ാം ചിത്രമായെത്തുന്ന 'തങ്കമണി'യിലെ 'പെണ്ണിന്‍റെ പേരല്ല തങ്കമണി, വെന്ത നാടിന്‍റെ പേരല്ലോ തങ്കമണി...' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

1986-ൽ കേരളത്തെ നടുക്കിയ സംഭവകഥ സിനിമയാകുമ്പോൾ ഏവരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കേരള രാഷ്ട്രീയത്തിൽ കോളിളക്കം തന്നെ സൃഷ്ടിച്ച തങ്കമണി വെടിവെപ്പ്, അക്കാലത്ത് കേരളം ഭരിച്ചിരുന്ന സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കിയ സംഭവം കൂടിയെന്ന നിലയിൽ ഏറെ രാഷ്ട്രീയ പ്രധാന്യമുള്ളയൊന്നുകൂടിയാണ്. 'ഉടൽ' എന്ന ശ്രദ്ധേയ സിനിമയൊരുക്കി ശ്രദ്ധേയനായ രതീഷ് രഘുനന്ദനൻ ആണ് 'തങ്കമണി'യുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.


'പെണ്ണിന്‍റെ പേരല്ല തങ്കമണി, വെന്ത നാടിന്‍റെ പേരല്ലോ തങ്കമണി...' എന്ന മനസ്സിൽ തട്ടുന്ന ഗാനവുമായി പുറത്തിറങ്ങിയ 'തങ്കമണി' മോഷൻ പോസ്റ്റർ ഏറെ പ്രതീക്ഷയാണ് സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് നൽകിയത്. അതിന് പിന്നാലെ ദിലീപിന്‍റെ വ്യത്യസ്ത വേഷപ്പകർച്ചകളുമായി പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ബി.ടി അനിൽ കുമാർ വരികളെഴുതി വില്യം ഫ്രാൻസിസ് ഈണമിട്ട് പാടിയ ഈ ഗാനവും ഏറെ ചർച്ചയായിരിക്കുകയാണ്. 

37 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു യഥാർത്ഥ സംഭവം തന്നെയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തിൽ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമങ്ങളിലേക്ക് വഴിവെച്ചത്. വ്യാപാര കേന്ദ്രമായ കട്ടപ്പന പട്ടണത്തിൽ നിന്നും തങ്കമണിയിലേക്ക് സഞ്ചരിക്കാന്‍ ചുരുക്കം ബസുകള്‍ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. തങ്കമണിയിലേക്കുള്ള റോഡും ഏറെ മോശമായിരുന്നു. ഇവിടേക്ക് സര്‍വ്വീസ് നടത്തിയിരുന്ന 'എലൈറ്റ്' ബസ് തങ്കമണിയിലേക്ക് എത്താതെ തങ്കമണിക്ക് തൊട്ടടുത്തുള്ള പാറമടയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നത് പതിവായതോടെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഇതാണ് നിഷ്ഠൂരമായ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ച സംഭവങ്ങള്‍ക്ക് വഴിമരുന്നായത്.


സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്‍റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. 

അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ്ആഡ്സ്, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്

PRIYA MEDIA

Latest updates and exclusive news from Malayalam, Hindi, Tamil, Telugu, and Kannada cinema industries, featuring details about upcoming movies, OTT platform releases, theatrical release dates, teaser and trailer launches, behind-the-scenes photoshoots, official poster unveilings, audio and video song releases, celebrity interviews, movie promotions, reviews, box office collections, and much more!

Post a Comment

Previous Post Next Post