ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിലൂടെ നവംബര്‍ 28-ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നവംബര്‍ 28 മുതല്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ അറിയിച്ചു. വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം വമ്പന്‍ വിജയത്തിന് ശേഷമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്.
കേരളത്തില്‍ 20 കോടി ഗ്രോസ് നേടിയ ചിത്രം തമിഴ്നാട്ടിലും ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു.തന്‍റെ കരിയറിലെ ആദ്യ നൂറുകോടി കൂടിയാണ് ദുൽഖർ ലക്കി ഭാസ്കറിലൂടെ അടിച്ചെടുത്തത്.
1980കളിൽ കോടീശ്വരനായി മാറുന്ന ബാങ്കറായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഭാസ്‌കറിൻ്റെ ഭാര്യ സുമതിയായി മീനാക്ഷി ചൗധരിയാണ് വേഷമിട്ടിട്ടുള്ളത്. കൂടാതെ റുംകി, സച്ചിൻ ഖേദേക്കർ, മാനസ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എന്നാൽ രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്‍റെ ഈ സൂപ്പർ ഹിറ്റ് ചിത്രം ഇപ്പോൾ ഒടിടിയിലും കാണാൻ സാധിക്കും.